പാമ്പുകളെ ഭയമില്ലാത്തവരായി ആരുമില്ല. വിഷപ്പാമ്പുകളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. പാമ്പുകളെ കണ്ടാൽ ആദ്യം ആളുകൾ ചെയ്യുക എങ്ങനെയെങ്കിലും അതിനെ തുരത്താനാണ്. അല്ലെങ്കിൽ ഓടി രക്ഷപെടാനും. പാമ്പിനെ പിടിക്കാൻ പാമ്പ് വിദ്ഗ്ധരെ വിളിക്കുന്നവരുമുണ്ട്. അവർ ഏറെ പണിപെട്ടിട്ടായാലും അതിനെ ചാക്കിലാക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ തായ്ലൻഡിൽ നിന്നും പുറത്തുവരുന്നത്.
ചോൻബുരി പ്രവശ്യയിലാണ് സംഭവം നടക്കുന്നത്. ഇവിടെ തിരക്കേറിയ റോഡിനു സമീപം കൂറ്റൻ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന പാമ്പ് വിദഗ്ധനെ വീഡിയോയിൽ കാണാം. രാജവെമ്പാലയെ പിടികൂടാൻ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല. പിടികൂടാൻ ശ്രമിച്ച രക്ഷാപ്രവർത്തകരെ രാജവെമ്പാല പലതവണ ആക്രമിക്കാൻ ശ്രമിച്ചു. 13 അടിയോളം നീളമുളള വാലിൽ പിടിച്ചപ്പോൾ പത്തിവിരിച്ച് ആഞ്ഞുകൊത്താൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം.
അപകടകാരിയായ രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് ഇവർ പിടികൂടിയത്. രാജവെമ്പാലയുടെ ശരീരത്തിൽ നിറയെ മുറിവുകൾ ഉണ്ടായിരുന്നതായി പാമ്പിനെ പിടിച്ചയാൾ പറഞ്ഞു. പാമ്പിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരിക്കുകൾ മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നുവിടാനാണ് തീരുമാനം.
Comments