ജലാശയങ്ങളിൽ ഇറങ്ങുന്നവരുടെ ഒരു പേടി സ്വപ്നമാണ് ഞണ്ട്. എന്നാൽ, ഞണ്ടുകളെ കഴിക്കുന്നവർക്ക് അവയുടെ രുചി നാവിൽ നിന്നും പോകുകയുമില്ല. അത്ര രുചികരമായ വിഭവങ്ങൾ ഞണ്ടുകളുടെ മാംസം ഉപയോഗിച്ച് പാചകം ചെയ്യാം. ചെറുതും വലുതുമായി ലോകത്ത് ഏകദേശം 850 ഓളം ഇനം ഞണ്ടുകളുണ്ട്. കൂടി പോയാൽ കൈപ്പത്തിയോളം വലിപ്പമുള്ള ഞണ്ടുകളെയാണ് പൊതുവെ നാം കണ്ടിട്ടുള്ളത്. എന്നാൽ, ഒരുവട്ടം കണ്ടാൽ തന്നെ നമ്മുടെ ബോധം പോകുന്ന തരത്തിൽ അസാമാന്യ വലിപ്പത്തിലുള്ള ഞണ്ടുകൾ ലോകത്തുണ്ട്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള 5 ഞണ്ടുകളെ പരിചയപ്പെടാം.
1. ജാപ്പനീസ് സ്പൈഡർ ക്രാബ്
ലോകത്തിലെ ഏറ്റവും വലിയ ഞണ്ടാണ് ജാപ്പനീസ് സ്പൈഡർ ക്രാബ്. ജപ്പാന് സമീപമുള്ള കടലുകളിൽ കാണപ്പെടുന്ന ഇവ ഞണ്ടിനത്തിൽ ഏറ്റവും നീളം കൂടിയ കാലുകളുള്ളവയാണ്. 12 അടി വരെ നീളം ഇവയുടെ കാലുകൾക്ക് വയ്ക്കും. 16 ഇഞ്ച് വീതിയുള്ള ഇവയ്ക്ക് 42 പൗണ്ട് വരെ ഭാരവുമുണ്ട്. ജപ്പാനിലെ ഹോൺഷു ദ്വീപുകൾക്ക് ചുറ്റും ഈ ഭീമൻ ഞണ്ടിനെ കാണാം. 100 വർഷം വരെ ഇവ ജീവിക്കും.
2.ടാസ്മാനിയൻ ഭീമൻ ഞണ്ട്
ടാസ്മാനിയൻ ഭീമൻ ഞണ്ട് ലോകത്തിലെ ഏറ്റവും വലിയ ഞണ്ടുകളിൽ രണ്ടാമനാണ്. 18 ഇഞ്ച് വരെ വീതിയും 39 പൗണ്ട് വരെ ഭാരവും ഉണ്ട്. തെക്കൻ ഓസ്ട്രേലിയൻ സമുദ്രത്തിലെ ചെളി നിറഞ്ഞ അടിത്തട്ടിലാണ് ഈ ഭീമൻ താമസിക്കുന്നത്.
3. കോക്കനട്ട് ഞണ്ടുകൾ
ഇവ റോബർ ഞണ്ടുകൾ എന്നും അറിയപ്പെടുന്നു. ഭൂമിയിലെ ഏറ്റവും വലിയ ഞണ്ടുകളിലൊന്നാണിവ. ഇവയ്ക്ക് 3 അടി 3 ഇഞ്ച് വരെ വളരാകും. 9 പൗണ്ട് ഭാരം കോക്കനട്ട് ഞണ്ടുകൾക്ക് കാണും. മനുഷ്യ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം ഇല്ലാതായിട്ടുണ്ട്. ഇന്ത്യൻ, പസഫിക് സമുദ്രങ്ങൾക്ക് കുറുകെയുള്ള ദ്വീപുകളിലാണ് ഇവ കാണപ്പെടുന്നത്. കോക്കനട്ട് ഞണ്ടുകൾക്ക് നീന്താൻ കഴിയില്ല, ജീവിതത്തിന്റെ ഭൂരിഭാഗവും ഇവ കരയിലാണ് ചെലവഴിക്കുന്നത്. 60 വർഷത്തിലേറെ ഇവയ്ക്ക് ആയുസുണ്ട്.
4. ജയന്റ് മഡ് ക്രാബ്
ഭീമാകാരമായ ഈ ഞണ്ടുകൾ ഇൻഡോ-പസഫിക് മഡ് ക്രാബ് എന്നും അറിയപ്പെടുന്നു. ഇവയ്ക്ക് 9 ഇഞ്ചാണ് വലിപ്പം. മാത്രമല്ല 11 പൗണ്ട് വരെ ഭാരവും ഉണ്ട്. ഇൻഡോ-പസഫിക്കിന് കുറുകെയുള്ള അഴിമുഖങ്ങളിലും കണ്ടൽക്കാടുകളിലും ഇവ കാണപ്പെടുന്നു.
5. റെഡ് കിംഗ് ക്രാബ്
റെഡ് കിംഗ് ഞണ്ടുകൾക്ക് 7 ഇഞ്ച് വലിപ്പവും 6 പൗണ്ട് ഭാരവും ഉണ്ട്. ബെറിംഗ് കടൽ, വടക്കൻ പസഫിക് സമുദ്രം, കംചത്ക പെനിൻസുലയ്ക്ക് സമീപമുള്ള ജലാശയം എന്നിവിടങ്ങളിൽ റെഡ് കിംഗ് ഞണ്ടുകൾ കാണപ്പെടുന്നു. രുചികളിൽ മുൻപന്തിയിൽ നിൽക്കുന്നതിനാൽ വലിയ തോതിൽ ഇവ വേട്ടയാടപ്പെടുന്നുണ്ട്.