ഗംഭീര അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിന് പുറത്തും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരവും മുന്നേറുമ്പോൾ സിനിമയുടെ ഒഫിഷ്യൽ കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം 25 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേയ്ക്കാണ് മാളികപ്പുറം പടി കയറുന്നത്. സണ്‍ഡേ ബോക്സ്ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും മാളികപ്പുറം ഇടം നേടിയിരുന്നു.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments