പാരീസ്: ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ലിയാൻഡർ പെയ്സ്- മാർട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലിൽ ഇന്ത്യൻ താരം സാനിയ മിർസ- ഇവാൻ ഡോഡിക് സഖ്യത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോർ. 4-6, 6-4, 10-8
സാനിയ മിർസ- ഇവാൻ ഡോഡിക് സഖ്യത്തോട് ആദ്യ സെറ്റ് 4-6ന് കൈവിട്ടശേഷമാണ് പെയ്സ്- മാർട്ടിന സഖ്യം തിരിച്ചുവരവ് നടത്തിയത്. രണ്ടാം സെറ്റ് 6-4ന് പിടിച്ച ഇന്ത്യൻ- സ്വിസ് സഖ്യം കിരീടം സ്വന്തമാക്കി.
ടൈ ബ്രേക്കറിൽ 10- 8 സ്കോറിനാണ് ഇന്ത്യൻ- സ്വിസ് സഖ്യം എതിരാളികളെ കീഴടക്കിയത്. പെയ്സിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്റ് സ്ളാം കിരീടവും പത്താം മിക്സഡ് ഡബിൾസ് കിരീടവുമാണിത്. കളിയുടെ ആദ്യ സെറ്റിൽ മികച്ച പ്രകടനമാണ് സാനിയ- ഡോഡിക് സഖ്യം കാഴ്ച വച്ചത്. ശക്തമായ റിട്ടേണുകളിലൂടെ സാനിയ-ഡോഡിക് സഖ്യം പെയ്സ്- ഹിംഗിസ് സഖ്യത്തെ പ്രതിരോധത്തിലാക്കിയിരുന്നു. വിജയത്തോടെ മിക്സഡ് ഡബിൾസിൽ കരിയർ ഗ്രാന്റ് സ്ളാമും പൂർത്തിയാക്കാൻ പെയ്സിനായി. നാല് ഗ്രാന്റ് സ്ളാമുകളിലും ജേതാക്കളാകുക എന്ന അപൂർവ്വതയും ഇരുവരും സ്വന്തമാക്കി. സഖ്യം നേരത്തെ ഓസ്ട്രേലിയൻ ഓപ്പൺ, വിമ്പിൾഡൺ,യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടങ്ങൾ നേടിയിരുന്നു.