തിരുവനന്തപുരം: പാലക്കാട് കരുണ മെഡിക്കൽ കോളജിലെ എംബിബിഎസ് സീറ്റുകളിലേക്ക് വാർഷിക ഫീസ് നിശ്ചയിച്ചു. ഈ വർഷം പ്രവേശനം നേടിയവർക്ക് 4,68,000 രൂപയും കഴിഞ്ഞ വർഷം പ്രവേശനം നേടിയവർക്ക് 4,05,000 രൂപയുമായിരിക്കും ഫീസ്. അധികമായി ഈടാക്കിയ തുക തിരികെ നൽകുകയോ അടുത്തവർഷത്തെ ഫീസിൽ കുറവ് ചെയ്യുകയോ വേണം.
പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ താത്കാലികമായി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ വാർഷിക ഫീസിൽ നിന്ന് 32,000 രൂപയുടെ കുറവാണ് ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ ഫീസ് നിർണയസമിതി വരുത്തിയിരിക്കുന്നത്.
ഇതോടെ 2017-18 വർഷം പ്രവേശനം നേടിയവർക്ക് 4,68,000 രൂപയായിരിക്കും വാർഷിക ഫീസ്. ഓരോ വർഷവും പത്ത് ശതമാനം വർധനയ്ക്കും അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം(2016-17) പ്രവേശനം നേടിയവർക്ക് 7,45,000 രൂപയിൽ നിന്ന് 3,40,000 രൂപയുടെ കുറവുവരുത്തി 4,05,000 രൂപയായി ഫീസ് നിർണയിച്ചു.
സ്വാശ്രയ കോളേജുകള്‍ സമര്‍പ്പിച്ച ചെലവ് കണക്കും അടിസ്ഥാന സൗകര്യങ്ങളും ഫാക്കല്‍റ്റികളുടെ എണ്ണവും പരിഗണിച്ചാണ് ഫീസ് നിശ്ചയിക്കുന്നത്. കോഴിക്കോട് കെഎംസിടി, ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള 4 കോളേജുകൾ എന്നിവിടങ്ങളിലും വാർഷിക ഫീസ് മുൻപ് നിശ്ചയിച്ചിരുന്നു.
പതിനാറോളം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയം ഇനിയും പൂർത്തിയാകാനുണ്ട്. ഫീസ് നിർണയ സമിതിയുടെ തീരുമാനപ്രകാരമാണ് അന്തിമ ഫീസ് ഘടനയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പുതിയ ഫീസ് ഘടനയെ എതിർത്തുകൊണ്ട് മാനേജ്മെന്റുകൾ കോടതിയിൽ പോകാൻ സാധ്യതയില്ല