കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചിട്ടും സാധാരണക്കാരെ കൊള്ളയടിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍. ഭക്ഷണസാധനങ്ങള്‍ക്ക് ഇരട്ടി വിലയീടാക്കിയാണ് കൊള്ളലാഭം കൊയ്യുന്നത്. അതേസമയം ജനം ടിവി വാര്‍ത്തയെത്തുടര്‍ന്ന് കൊച്ചിയില്‍ അമിതവിലയീടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അധികൃതര്‍ നടപടികളാരംഭിച്ചു.
കൊച്ചി കലൂരിലുള്ള പപ്പടവട എന്ന ഇടത്തരം ഹോട്ടലില്‍ അമിതവില ഈടാക്കുന്ന വാര്‍ത്ത ജനം ടിവിയാണ് പുറത്ത് വിട്ടത്. മറ്റിടങ്ങളില്‍ പരമാവധി 8 രൂപ വരെ ഈടാക്കുന്ന അപ്പത്തിനും ചായക്കും 12രൂപ 38പൈസയാണ് ഇവിടെ നല്‍കേണ്ടി വരുന്നത്.
ജിഎസ്ടി 5 ശതമാനമാക്കിയതോടെ നിലച്ച അമിത ലാഭം ഇത്തരത്തില്‍ അടിസ്ഥാന വില ഉയര്‍ത്തി തിരിച്ചു പിടിക്കുകയായിരുന്നു. മാത്രമല്ല വിലവിവര പട്ടികയും ബില്ലും തമ്മിലും വലിയ അന്തരമാണ് ഉണ്ടായിരുന്നത്. അതേസമയം ജനംടിവി വാര്‍ത്തയ്ക്ക് പിന്നാലെ സിറ്റി റേഷനിംഗ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയും തട്ടിപ്പ് പിടികൂടുകയും ചെയ്തു.
കൊച്ചിയോടൊപ്പം സംസ്ഥാനത്തൊട്ടാകെയുള്ള ഭൂരിപക്ഷം ഹോട്ടലുകളിലും ഇത്തരത്തില്‍ പൊതുജനത്തെ പിഴിയുന്നു എന്നതാണ് വസ്തുത. പല ഹോട്ടുലുകളിലും ഉടമയ്ക്കിഷ്ടപ്പെട്ട നിരക്കുകള്‍ രേഖപ്പെടുത്തിയ വിലവിവര പട്ടികകളാണ് സ്ഥാപിച്ചിട്ടുള്ളതും. ഇതിനിടെ ജനം വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ പരിശോധന കര്‍ശനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.