തിരുവനന്തപുരം : പട്ടികജാതി പീഡന കേസ് പ്രതിയായ നഗരസഭ മേയര്‍ വി കെ പ്രശാന്തിനെ ആശുപത്രി കിടക്കയില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍. ഇത് ദേശീയ പട്ടികജാതി കമ്മീഷനോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എസ് കുമാര്‍.
മാരകമായി പരുക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മേയര്‍ മൂന്നു ദിവസത്തിനുള്ളില്‍ അവിടെ നിന്ന് കടന്നു കളഞ്ഞത് കേസിനെ ഭയന്നാണ്. ഇതിന് പൊലീസാണ് കൂട്ടു നിന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. പട്ടികജാതി പീഡനക്കേസിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസെടുക്കാനും പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പട്ടികജാതി കമ്മീഷന് നേരിട്ട് അന്വേഷിച്ചാണ് മേയര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് പകരമായി ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയും ഇതേ വകുപ്പ് ഉപയോഗിച്ച് കേസെടുപ്പിക്കാനാണ് സിപിഎം ശ്രമം. ഇത് നിയമത്തിന്റെ ദുരുപയോഗമാണ്. ഇതില്‍ നിന്ന് സിപിഎം വിട്ടു നില്‍ക്കണം.
തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്കെതിരെ 2 ദിവസത്തിനുള്ളില്‍ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശവും നടപ്പാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും എം എസ് കുമാര്‍ വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനത്തെ അവഹേളിക്കാന്‍ സിപിഎം പൊലീസിനെ ഉപയോഗപ്പെടുത്തുകയാണ്.. മേയറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.