പാനാജി : വിവാദ ചലച്ചിത്രം എസ്.ദുര്‍ഗ്ഗ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചിത്രത്തിനനുകൂലമായ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്.
വസ്തുതകള്‍ മനസിലാക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രം ഇല്ലാത്തതിനാല്‍ ആണ് ചിത്രം ഒഴിവാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ പനോരമയില്‍ ചിത്രം ഉള്‍പ്പെടുത്തണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പായിരിക്കണം. എന്നാല്‍ മേളയിലേക്ക് പ്രദര്‍ശിപ്പിക്കുന്നതിനായി സെന്‍സറിംഗിന് മുന്‍പേ ചിത്രം സമര്‍പ്പിച്ചു. ഇതിന് ശേഷം ഒക്ടോബര്‍ 10 നാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.
മാത്രമല്ല ചിത്രത്തിന്റെ പേരും സംഭാഷണങ്ങളിലെ അശ്ളീല പദങ്ങളും നീക്കാന്‍ നിര്‍ദ്ദേശിച്ച സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിയതും. ഇതിനെല്ലാം പുറമേ ഫിലിം ഫെസ്റ്റിവലില്‍ സെന്‍സര്‍ ചെയ്യാത്ത പകര്‍പ്പ് പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പേര് സെക്സി ദുര്‍ഗ്ഗ എന്നായിരുന്നു. പിന്നീട് വിവാദങ്ങളെത്തുടര്‍ന്ന് പേര് എസ്.ദുര്‍ഗ്ഗ എന്നാക്കി മാറ്റിയത്.