കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചിട്ടും സാധാരണക്കാരെ കൊള്ളയടിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍. ഭക്ഷണ സാധനങ്ങള്‍ക്ക് ഇരട്ടി വിലയീടാക്കിയാണ് കൊള്ളലാഭം കൊയ്യുന്നത്. അതേസമയം നിയമം കര്‍ക്കശമാക്കാതെ തീവെട്ടിക്കൊള്ളയ്ക്ക് ചൂട്ടുപിടിക്കുകയാണ് സംസ്ഥാന സര്‍ക്കാരും.
കൊച്ചി കലൂരിലെ പപ്പടവട എന്ന ഇടത്തരം ഹോട്ടലിലെ ബില്ലാണിത്. പകല്‍ക്കൊള്ളയ്ക്ക് പര്യായമായി ഉപയോഗിക്കാന്‍ ഇതിനുമപ്പുറം മറ്റൊന്നും വേണ്ട. മറ്റിടങ്ങളില്‍ പരമാവധി 8 രൂപ വരെ ഈടാക്കുന്ന അപ്പം ഒന്നിന് ഇവിടുത്തെ വില 12രൂപ 38പൈസ. ഇനി ചായയുടെ വില കേട്ടാല്‍ ആരും നെഞ്ചത്ത് കൈവയ്ക്കും. ചെറിയ ചില്ല് ഗ്ലാസില്‍ കിട്ടുന്ന ചായക്കും വില 12രൂപ 38പൈസ തന്നെ. ബില്ലിങ്ങനെയാണെങ്കിലും വിലവിവര പട്ടികയില്‍ മാന്യത കാട്ടിയിട്ടുണ്ട്. അപ്പം 8 രൂപയും, ചായ 10 രൂപയുമാണ് വിലവിവരപട്ടികയില്‍ കാണിച്ചിട്ടുള്ളത്. തട്ടിപ്പ് പകല്‍പോലെ വ്യക്തം.
അതേസമയം ഇത് കേവലം പപ്പടവടയെന്ന സ്ഥാപനത്തിലെ മാത്രം കാര്യമല്ല, മറിച്ച് സംസ്ഥാനത്തൊട്ടാകെ ഭൂരിപക്ഷം ഹോട്ടലുകളിലും പൊതുജനത്തെ പിഴിയുന്നു എന്നതാണ് വസ്തുത. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതോടെ ഭക്ഷണ സാധനങ്ങളുടെ നിരക്കില്‍ കൃത്രിമം കാണിച്ചാണ് കൊള്ള.
പല ഹോട്ടുലുകളിലും ഉടമയ്ക്കിഷ്ടപ്പെട്ട നിരക്കുകള്‍ രേഖപ്പെടുത്തിയ വിലവിവര പട്ടികകളാണ് സ്ഥാപിച്ചിട്ടുള്ളതും. 70ശതമാനത്തിന് മുകളില്‍ ജനങ്ങള്‍ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന കൊച്ചിയില്‍ ഇത്തരം തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ഉദ്യോഗസ്ഥരും. നിയമം കര്‍ക്കശമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും അലംഭാവം തുടരുന്നതോടെ പൊതുജനം പൊറുതിമുട്ടിയ അവസ്ഥയിലാണ്.
https://www.youtube.com/watch?v=2OrSFo80jy8