കൊച്ചി : പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹർജി നൽകിയത്.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമർശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹർജിയും,സിപിഐ മന്ത്രിമാരുടെ മന്ത്രി സഭായോഗ ബഹിഷ്ക്കരണവുമൊക്കെ ഇതിന് തെളിവാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സർക്കാരിനെതിരെ പരാമർശം നടത്തിയത്.
മന്ത്രി സർക്കാരിനെതിരെ ഹർജി നൽകിയത് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്നും,മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായും കോടതി നിരീക്ഷിച്ചിരുന്നു.
സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയ ചരിത്രം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും കോടതി പരാമർശിച്ചിരുന്നു.