കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്ക് പാത്രമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്ഐ വിബിന്‍ദാസ്, ഗ്രേഡ് എസ്ഐ രാജന് എന്നിവര്‍ കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ സമീപത്ത് നിന്നും മാദ്ധ്യമങ്ങളെ തടഞ്ഞില്ലെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
കൊച്ചിയില്‍ സിപിഎം ആസ്ഥാനമായ ലെനിന് സെന്ററില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാകാമെന്ന ശുപാര്‍ശയുള്ളത്. എസ്ഐ വിബിന്‍ദാസ്, ഗ്രേഡ് എസ്.ഐ. രാജന് എന്നിവര്‍ കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തല്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന് സമീപം മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തുന്നത് തടഞ്ഞില്ലെന്നതാണ് ഇവര്‍ക്കെതിരായി കണ്ടെത്തിയ കുറ്റം. സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പിണറായി വിജയന് നേരെ പ്രതിഷേധമുണ്ടാവുമെന്നതിനാല് സുരക്ഷ കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ മാദ്ധ്യമപ്രവര്‍ത്തകരെ തടയുന്ന പതിവില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി എത്തിയപ്പോള്‍ മാദ്ധ്യമങ്ങള്‍ അടുത്തേക്ക് ചെല്ലുകയും അദ്ദേഹം പൊട്ടിത്തെറിക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനെ പിണറായി പരസ്യമായി ശാസിക്കുന്നതും കാണാമായിരുന്നു.