സന്നിധാനം: ക്ഷേത്രത്തിലെ മൂർത്തിയെ മാത്രമല്ല ക്ഷേത്രം കുടി കൊളളുന്ന പ്രകൃതിയെ തന്നെ ആരാധിക്കുന്ന അപൂർവത ഒരു പക്ഷെ ശബരിമലയ്ക്കു മാത്രം അവകാശപ്പെടാവുന്നതാണ്.
ഈ അപൂർവതയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് മാസപൂജാ കാലയളവിൽ സന്നിധാനത്ത് നടക്കുന്ന പടിപൂജ .പൂങ്കാവനത്തിലെ പതിനെട്ടു മലകൾക്കും വേണ്ടി നടത്തുന്ന ഈ അനുഷ്ഠാനം ശബരിമലയിലെ ഏറ്റവും നിറപൊലിമയാർന്ന ചടങ്ങു കൂടിയാണ്.
ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികൾക്കും മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യമാണ് ശബരമലയിലയിലുള്ളത്. വെറും പടിക്കെട്ടുകൾ എന്നതിനപ്പുറം ഇത് തത്വ സോപാനങ്ങളാണ്. പഞ്ചഭൂതങ്ങളെയും അഷ്ടരാഗങ്ങളെയും ത്രിഗുണങ്ങളെയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ഈ തത്വസോപാനങ്ങൾ പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ പ്രതിരൂപം കൂടിയാണ്.
ഇവിടെ ഓരോ പടിയിലും ഓരോ മലദൈവത്തെ കുടിയിരുത്തിയിരിക്കുന്നു എന്നതാണു സങ്കൽപം. ശബരിമലയിലെ ഏറ്റവും നിറപൊലിമയുള്ള ചടങ്ങാണ് പടിപൂജ. വഴിപാടുകളിൽ ഏറ്റവും ചിലവേറിയതും.
https://www.youtube.com/watch?v=jDgL7EZ76no&t
ഓരോ പടിക്കും നൈവേദ്യം നൽകി തന്ത്രി കർപ്പൂരാരതി ഉഴിയുമ്പോൾ അത് 18 മലകൾക്കുള്ള സമർപ്പണം കൂടിയാകുന്നു. എട്ടുദിക്കുകളിലും ശ്രീഭൂതങ്ങളെപോലെ സന്നിധാനത്തെ കാക്കുന്നതിന് 18 മലകൾക്കും നൽകുന്ന സ്നേഹാർച്ചന.
പതിനെട്ടാം പടിയിലേക്കുള്ള പ്രവേശനം താത്കാലികാമായി തടഞ്ഞുകൊണ്ടുള്ള ഈ വഴിപാട് തിരക്കുള്ള മണ്ഡല മകരവിളക്ക് കാലത്തു പതിവില്ല. മാസപൂജയ്ക്കാലത്തു മാത്രമാണ് പടിപൂജ കാണാനുള്ള സൗഭാഗ്യം ഭക്തർക്ക് ലഭിക്കുന്നത്.
സകല ഐശ്വര്യങ്ങൾക്കും വേണ്ടിയുള്ള നേർച്ചയായിട്ടാണ് ഭക്തർ ഈ വഴിപാട് സമർപ്പിക്കുന്നത്