കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്തു പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ദിലീപിന്റെ നീക്കം.
തന്റെ ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇതിന്റെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന പാസ്പോര്‍ട്ട് തിരിച്ച് കിട്ടണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഒരാഴ്ചത്തേക്ക് വിദേശത്ത് തങ്ങാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ കൃത്യമായ ദിവസങ്ങള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം ദിലീപിനെയും സഹോദരന് അനൂപിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷം താരം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള ആക്ഷേപം ഉണ്ടെന്ന പേരിലായിരുന്നു ഇത്.
എന്നാൽ കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത് ആരോപണങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.