• Page Views 231

രാഘവനല്ല ജയരാജൻ

പതിറ്റാണ്ടുകൾക്ക് മുൻപ് കോഴിക്കോട് സിപിഎമ്മിന്റെ റാലിക്കിടെ ഈയെമ്മെസ് പ്രസംഗിച്ചു കൊണ്ട് നിൽക്കുമ്പോഴായിരുന്നു അന്ന് കണ്ണൂർ ജില്ലയിലെ കരുത്തനായ നേതാവ് എം.വി രാഘവൻ വേദിയിലേക്ക് കയറി വന്നത് .അന്ന് ഈയെമ്മെസിന്റെ പ്രസംഗത്തിനിടെ എം.വി രാഘവനു സിന്ദാബാദ് വിളികളുയർന്നപ്പോൾ മുതിർന്ന നേതാവ് കേളുവേട്ടൻ രാഘവനോട് പറഞ്ഞത് .. ഇയെമ്മെസ് നോട്ടമിട്ടിട്ടുണ്ട് . സൂക്ഷിക്കണം എന്നായിരുന്നുവത്രെ.

ഈയിടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഒരു പരിപാടിയിലും ഇതിനു സമാനമായ ഒരു സംഭവം നടന്നിരുന്നു . പ്രാസംഗികനായി പി ജയരാജന്റെ പേർ വിളിച്ചപ്പോൾ വലിയ ആരവങ്ങളാണ് അണികളിൽ നിന്ന് ഉയർന്നത് . പിണറായിയാണോ കോടിയേരിയാണോ നോട്ടമിട്ടതെന്നറിയില്ല ജയരാജനും രാഘവന്റെ വിധി തന്നെയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത് . പക്ഷേ രാഘവനെപ്പോലെ പാർട്ടിയെ നെഞ്ച് വിരിച്ച് നിന്ന് നേരിടാനുള്ള ചങ്കൂറ്റമോ വ്യക്തിത്വമോ ജയരാജനില്ല എന്നതാണ് ഈ സാമ്യതകൾക്കിടയിലെ പ്രധാന വ്യത്യാസം .

1967 ൽ കണ്ണൂർ ജില്ലാസെക്രട്ടറിയായ രാഘവനാണ് ഡിവൈഎഫ്‌ഐയുടെ ആദ്യ രൂപമായ കെ‌എസ്‌വൈ‌എഫ് തുടങ്ങിവച്ചത്. പാർട്ടിയിൽ കരുത്തനായ രാഘവനെ ബദൽ രേഖയുടെ പേരിൽ വെട്ടിനിരത്താൻ ഈയെമ്മെസ് മുന്നിലും പിന്നിലും കളിക്കുകയും ചെയ്തു. രാഘവൻ പോയപ്പോൾ പാർട്ടി പിളരാതിരിക്കാൻ അന്ന് ഏറ്റവും കൂടുതൽ പ്രയത്നിച്ച നേതാക്കളിലൊരാളായിരുന്നു വി എസ് അച്യുതാനന്ദൻ . ആ വി എസിനെ ബിംബം ചുമക്കുന്ന കഴുത എന്ന് സംസ്ഥാന സമിതിയിൽ വിളിച്ച് ആക്ഷേപിച്ച ആളാണ് ഇപ്പോൾ വിമർശനം നേരിട്ട പി ജയരാജൻ.

സ്വയം മഹത്വവത്കരിക്കുന്നു , വീരഗാഥകളിറക്കുന്നു എന്നൊക്കെയാണ് ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ. കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന് തുടങ്ങുന്ന ഗാനവും അതിന്റെ ദൃശ്യവത്കരണവുമെല്ലാം ജയരാജനെ പാർട്ടിക്കതീതനായി ഉയർത്താനുദ്ദേശിച്ചു കൊണ്ടുള്ളത് തന്നെയാണെന്ന് സംശയിച്ചെങ്കിൽ തെറ്റ് പറയാനാവില്ല.. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന നായനാർ അക്കാദമിക്ക് മുന്നിൽ ഒക്ടോബർ വിപ്ളവത്തിന്റെ വാർഷികം ആഘോഷിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി  പതാക ഉയർത്തിയതും ചർച്ചയ്ക്ക് കാരണമായി.

മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ച് ക്ളിഫ് ഹൗസിൽ എത്തുന്നതിനു മുൻപ് കണ്ണൂരിൽ കൊലപാതകം നടക്കുന്നതിനു പിന്നിലും പി ജയരാജൻ ആണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു . പാർട്ടിയിൽ സീനിയറും പ്രവർത്തന പാരമ്പര്യമുള്ള നേതാവുമായ ഇ പി ജയരാജന് തട്ടകം നഷ്ടപ്പെടുന്നതിന്റെ വേദനയും പി ജയരാജനെതിരെയുള്ള നീക്കത്തിന്റെ പിന്നിലുണ്ട് . അതോടൊപ്പം കണ്ണൂർ ലോബിയിലെ നമ്പ്യാർ വിംഗായ കോടിയേരി , ഇപി ജയരാജൻ , പികെ ശ്രീമതി തുടങ്ങിയവർക്ക് ജയരാജൻ കണ്ണൂരിലെ രാജാവാകുന്നതിൽ ഒട്ടും താത്പര്യമില്ല താനും

ജയരാജന് പിന്നിലണിയായ് നവകേരളമൊറ്റ മനസായ് എന്ന വരികളിലെ അപകടം കൃത്യമായി തിരിച്ചറിഞ്ഞു തന്നെയാണ് സംസ്ഥാന കമ്മിറ്റിയിലെ ജയരാജൻ വിരുദ്ധർ കരുക്കൾ നീക്കിയത് . സംസ്ഥാന സെക്രട്ടറിയാണ് അവസാന നിമിഷം ജയരാജനെതിരെയുള്ള പ്രമേയം അജണ്ടയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന .
സംസ്ഥാന സമിതിയിലെ പരാമർശത്തോട് ക്ഷോഭത്തോടെ പ്രതിഷേധിച്ചുവെങ്കിലും അതിനപ്പുറത്തേക്ക് പാർട്ടിയെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റമൊന്നും രാഘവനെ പോലെ ജയരാജനില്ല . എം വി. ആർ എന്ന വടവൃക്ഷവുമായി ഒരു തരത്തിലും താരതമ്യപ്പെടുത്താൻ പറ്റാത്ത ആളാണ് ജയരാജൻ.

ആർ.എസ്.എസിനെതിരെയുള്ള ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നു എന്നതിനപ്പുറത്തേക്ക് പാർട്ടിയിൽ വലിയ റോളൊന്നും ജയരാജനില്ല . കണ്ണൂരിലെ ക്രിമിനൽ അണികൾക്ക് താരകവും ചെഞ്ചോരപ്പൊൻകതിരുമൊക്കെയാണെന്നതല്ലാതെ ജനകീയനായ നേതാവല്ല അദ്ദേഹമെന്ന് പാർട്ടിക്കാർക്ക് തന്നെ വ്യക്തമായറിയാം . ഇന്ത്യയിലെ തന്നെ അവസാന സിപിഎം കോട്ടയെന്ന് അവകാശപ്പെടുന്ന കണ്ണൂരിൽ ഒരു ക്രിമിനൽ നേതാവ് വളർന്നു വരുന്നതിൽ തെക്കൻ കേരളത്തിലെ നേതാക്കൾക്കും താത്പര്യമില്ല . അതുകൊണ്ട് തന്നെ പാർട്ടിയുടെ വിമർശനത്തിനു മുന്നിൽ മുട്ടുമടക്കി നല്ല കുട്ടിയായി അമർഷം കടിച്ചമർത്തി മുന്നോട്ടു പോകാനേ ജയരാജനു കഴിയുകയുള്ളൂ.

തിരിച്ചയച്ച ദേവസ്വം ഓർഡിനൻസ് വീണ്ടും ഗവർണ്ണർക്ക് അയക്കാൻ സർക്കാർ തയ്യാറാകരുതെന്ന് കുമ്മനം

Next Story »

റാഫേൽ യുദ്ധവിമാനങ്ങൾ 2019ൽ എത്തും ; അംബാലയിൽ 220 കോടി ചിലവിൽ ഒരുക്കങ്ങൾ തുടങ്ങി

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്