കൊൽക്കത്ത: ക്രിക്കറ്റിന്റെ ആവേശവും ആരവവും ഗാലറിയിലും സ്റ്റേഡിയത്തിലും ചിത്രങ്ങളായി നിറച്ച് ആരാധകരെ ആകര്‍ഷിക്കുകയാണ് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം. നവംബര്‍ 16 ലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായാണ് സ്റ്റേഡിയം ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് ഒരു മേക്ക്ഒാവര് നടത്തിയത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയഷന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ആര്‍ട്സ് ആന്റ് ക്രാഫ്റ്റ് ഗവണ്മെന്റ് കോളജിലെ 25 ഒാളം വിദ്യാര്‍ത്ഥികളാണ് ഇതിന്റെ അണിയറശില്‍പ്പികള്‍. കായികതാരങ്ങളുടെയും പ്രധാനപ്പെട്ട ക്രിക്കറ്റ് മത്സര മൂഹുര്ത്തങ്ങളുടെയും കളക്ഷനുകളാണ് ഗ്യാലറിയില്‍ ശ്രദ്ധേയം.
മുന്‍ ഇന്ത്യന്‍ നായകന്മാരായ കപില്‍ ദേവിന്റേയും ബംഗാൾ കടുവ എന്നറിയപ്പെടുന്ന കൊൽക്കത്തയുടെ സ്വന്തം ദാദയായ സൗരവ് ഗാംഗുലിയുടേയും വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടേയും ചിത്രങ്ങളാണ് പ്രധാന കവാടത്തില്‍ ആരാധകരെ സ്വീകരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ മേക്കോവര്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകരുടെ മനം നിറയ്ക്കുമെന്നതില്‍ സംശയമില്ല.