തിരുവനന്തപുരം : മലയാളത്തിന്റെ കുഞ്ഞാലി മരയ്ക്കാർ ആരാകും, മമ്മൂട്ടിയോ,മോഹൻലാലോ ? ചോദ്യമുയരാൻ തുടങ്ങിയിട്ട് നാളേറെയായി.
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു നടന്മാര് വ്യത്യസ്ത സിനിമകളില്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതുമയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നുകഴിഞ്ഞു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടിപി രാജീവൻ,ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.ആഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം.അടുത്ത വർഷം ഏപ്രിലിലാകും ചിത്രീകരണം ആരംഭിക്കുക.
മലയാളത്തിന് എന്നും ഹിറ്റുകൾ മാത്രം സമ്മാനിച്ച മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലും കുഞ്ഞാലി മരയ്ക്കാർ വെള്ളിത്തിരയിലെത്തുന്നുണ്ട്.പ്രിയദർശൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിനു വേണ്ടി രണ്ടു ചരിത്രകാരൻമാർ ഗവേഷണം നടത്തുന്നുണ്ട്.
സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം.തന്റെ കരിയറിലെ ബിഗ്ബജറ്റ് ചിത്രമെന്നാണ് പ്രിയദർശൻ തന്റെ കുഞ്ഞാലി മരയ്ക്കാറെ കുറിച്ച് പറയുന്നത്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറെ അവതരിപ്പിച്ചിരുന്നു.കടലും,കപ്പലുമൊക്കെ ചേർന്ന ദൃശ്യവിരുന്ന് അന്ന് ഒരുക്കിയത് ടികെ രാജീവ് കുമാറാണ്.
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറെ അതിശക്തനായ,അസാമാന്യനായ പോരാളിയെന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.
കരുത്തനായ ആ പടനായകനാകാൻ മലയാള സിനിമയിലെ അതികായകന്മാരായ രണ്ടു അഭിനേതാക്കളുമൊരുങ്ങുന്നു.
ആരാകും മലയാളത്തിന്റെ കരുത്തനായ കുഞ്ഞാലി മരയ്ക്കാറെന്നറിയാൻ പ്രേക്ഷകരും കാത്തിരിക്കുന്നു.