കൊച്ചി : ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന് വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതോടെ കാര്‍ വിവാദം സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ചെയ്ത മിനികൂപ്പര്‍ കാര്‍ കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയുള്ളതാണ്. എന്നാല്‍ ഇതിനായി നല്‍കിയിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് കണ്ടെത്തല്‍. തമിഴ്നാട് സ്വദേശിയായ ശിവകുമാര്‍ എന്ന അധ്യാപകന്റെ വിലാസം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ആഡംബര വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ മേല്‍വിലാസം നല്കിയ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്താനിടയുണ്ട്. നേരത്തേ ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഇതേ വാഹനം ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്. ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ ആഡംബര വാഹനം പാര്‍ട്ടി പരിപാടിക്ക് ഉപയോഗിച്ചത് ന്യായീകരിക്കാന്‍ സിപിഎം നന്നേ പാടുപെടുന്നുമുണ്ട്.