ഷാര്‍ജ : ഷാര്‍ജയില്‍ പൊലീസിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 18 വരെ, അതായത് ഇന്നലെ വരെ ഗതാഗതനിയമ ലംഘനത്തിന് ലഭിച്ച പിഴകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചതായി ഷാര്‍ജ പൊലീസ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.
ഇന്നുമുതല്‍ ഡിസംബര്‍ 31 വരെ അടയ്ക്കുന്നവര്‍ക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക എന്ന് ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സേറി അല്‍ ഷംസി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റിലൂടെയോ ഷാര്‍ജയിലെ പൊലീസ് സ്റ്റേഷനുകളിലോ പിഴ അടയ്ക്കാം. പിഴകള്‍ അടച്ചുതീര്‍ക്കാന്‍ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇതിനു പുറമേ, ഈ മാസം 18 വരെ ലഭിച്ച എല്ലാ ബ്ളാക് പോയിന്റുകളും റദ്ദ് ചെയ്യാനും ഷാര്‍ജ പൊലീസ് തീരുമാനിച്ചു.അതേസമയം, എമിറേറ്റിലെ റോഡുകള്‍ അപകടമുക്തമാക്കി സുരക്ഷിതമാക്കാനായി കൂടുതല്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഷാര്‍ജ പൊലീസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.
കൂടാതെ, സ്പീഡ് റഡാറുകള്ക്കിടയില് വേഗത കൂട്ടുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള സംവിധാനം അധികം വൈകാതെ സ്ഥാപിക്കുമെന്നും ഷാര്‍ജ പൊലീസ് അറിയിച്ചിരുന്നു.