തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ കായിക താരം പിയു ചിത്രയുടെ പേരും ഫോട്ടോയും മാറ്റി നൽകി സംസ്ഥാന സർക്കാർ. സർക്കാരിന് കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മാസികയായ കേരള കോളിംഗിന്റെ പുതുയ ലക്കത്തിലാണ് ചിത്രയുടെ ഫോട്ടോ മാറ്റി നൽകിയിരിക്കുന്നത്.
‘വാട്ട് ഇന്ത്യ വിത്തൗട്ട് പിയു ചിത്ര ഇന്‍ ലണ്ടന്‍’ എന്ന പേരിൽ എഴുതുയുരിക്കുന്ന ലേഖനത്തിലാണ് ഫോട്ടോ തെറ്റായി അച്ചടിച്ചത്. ചിത്രയുടെ നേട്ടങ്ങളെ കുറിച്ച് ലേഖനത്തിൽ പറയുന്നുണ്ടെങ്കിലും നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിൽ നിന്നുള്ള കായിക താരം സുധാ സിംഗിന്റെ ഫോട്ടോയാണ്.
ചിത്രയുടെ കരിയറിനെപ്പറ്റിയും, ലോക അത് ലറ്റിക് മീറ്റിൽ താരത്തെ തഴഞ്ഞതിനെപ്പറ്റിയും ലേഖനത്തിൽ പറയുന്നുണ്ട്. ലേഖനത്തിൽ പലയിടത്തും ചിത്രയുടെ പേരും തെറ്റിച്ചാണ് അച്ചടിച്ചിരിക്കുന്നത്.
കരുൺ നായർക്ക് പകരം വിനയ് കുമാറിന്റെ ചിത്രം നൽകിയ മുഖ്യമന്ത്രിയും അന്തരിച്ച ബോക്സർ മുഹമ്മദ് അലിയെ മലയാളിയാക്കിയ കായിക മന്ത്രിയുമുണ്ടായിരുന്ന സർക്കാരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന പരിഹാസം.