ലഖ്നൗ : സരയൂതീരത്ത് യുപി സർക്കാർ നിർമ്മിക്കുന്ന ശ്രീരാമ പ്രതിമയ്ക്ക് ഷിയ വഖഫ് ബോർഡിന്റെ ഉപഹാരം . പ്രതിമയിലെ ആവനാഴിയിലെ വെള്ളി അസ്ത്രങ്ങളാണ് ഷിയ വഖഫ് ബോർഡ് നിർമ്മിച്ചു നൽകാൻ ആഗ്രഹിക്കുന്നത് . ഷിയ വഖഫ് ബോർഡ് ചെയർമാൻ വസിം റിസ്വിയാണ് ആഗ്രഹം അറിയിച്ചത് .
ഭഗവാൻ ശ്രീരാമ ചന്ദ്രൻ രാക്ഷസ നിഗ്രഹം നടത്തിയതു പോലെ ഭാരതം ഭീകരമുക്തമാകട്ടെയെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് റിസ്വി പറഞ്ഞു.ശ്രീരാമ പ്രതിമ യുപിക്ക് മാത്രമല്ല ഭാരതത്തിനു തന്നെ അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ രാമജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് തങ്ങൾ എതിരല്ലെന്ന് ചൂണ്ടിക്കാട്ടി ഷിയ വഖഫ് ബോർഡ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
അവധിലെ നവാബുമാർ എല്ലായ്പ്പോഴും ക്ഷേത്രങ്ങളെ ബഹുമാനിച്ചിരുന്നുവെന്നും റിസ്വി കത്തിൽ പറയുന്നു . ഷൂജ ഉദ് ദൗളയും , ആസിഫ് ഉദ് ദൗളയും നിരവധി സാമ്പത്തിക സഹായങ്ങൾ ക്ഷേത്രങ്ങൾക്ക് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തിൽ റിസ്വി ചൂണ്ടിക്കാട്ടി.