സാൻഫ്രാൻസിസ്ക്കോ : ഇനി വിശക്കുന്നതിന്റെ പേരിൽ സുഹൃത്തുക്കളുമായുള്ള ചാറ്റിംഗ് അവസാനിപ്പിക്കണ്ട,വിശന്നാൽ ഭക്ഷണവും ഫേസ്ബുക്ക് തരും.
ഭക്ഷണം ഓർഡർ ചെയ്യാൻ ഇന്ന് ഓൺലൈനായും മറ്റും അനേകം മാർഗ്ഗങ്ങളുണ്ട്.എന്നാൽ ഈ സൗകര്യം കുറച്ചുകൂടി സിമ്പിളാക്കുകയാണ് ഫേസ്ബുക്ക്.
കഴിഞ്ഞ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ യു എസിലാണ് ഇത് ആദ്യം നടപ്പാക്കിയത്.മികച്ച പ്രതികരണം ലഭിച്ചതോടെ ഐഒഎസ്,ആൻഡ്രോയിഡ് ഫോണുകൾ വഴിയും,പേഴ്സണൽ കമ്പ്യൂട്ടറുകൾ വഴിയും ഈ സൗകര്യം വിപുലപ്പെടുത്തി.
നല്ലൊരു റസ്റ്റോറന്റിനെക്കുറിച്ച് സുഹൃത്തുക്കളോട് അഭിപ്രായം തേടുന്നവർക്ക് ഇനി അത് ഫേസ്ബുക്കിനോടും ചോദിക്കാമെന്നാണ് ഫേസ്ബുക്കിന്റെ തദ്ദേശീയ വൈസ് പ്രസിഡന്റ് അലക്സ് ഹിമൽ പറയുന്നത്.
വ്യത്യസ്തമായ നിരവധി ഭക്ഷണങ്ങൾ ലഭിക്കുന്ന റസ്റ്റോറന്റുകളുടെ നീണ്ട നിര തന്നെയാണ് ഇതിനായി ഫെസ്ബുക്ക് ഒരുക്കുന്നത്.
ഓർഡർ ഫുഡ് എന്ന സെക്ഷനിൽ കയറി എക്സ്പ്ലോർ വിഭാഗത്തിൽ കൂടി ആഹാരം ഓർഡർ ചെയ്യാനുള്ള സംവിധാനമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
തദ്ദേശീയ ഹോട്ടലുകൾ മുതൽ വൻ കിട റസ്റ്റോറന്റുകൾ വരെയുള്ള വിവരങ്ങളും ഫേസ്ബുക്കിൽ ലഭ്യമാകും.തനി നാടൻ മുതൽ അങ്ങ് വിദേശി വരെ ഒരു വിരൽ തുമ്പിൽ കിട്ടുമെന്നു ചുരുക്കം