ദുബായ് : പൈലറ്റിനെ വിമാനം പറത്താൻ പഠിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ താരമായ ആറ് വയസ്സുകാരൻ പൈലറ്റായി. കോക്ക്പിറ്റിലിരുന്ന് പൈലറ്റിനോട് വിമാനം പറത്തലിന്റെ സാങ്കേതിക വശങ്ങളേക്കുറിച്ച് സംസാരിക്കുന്ന ആറ് വയസ്സുകാരനായ ആദം മുഹമ്മദ് അമീറിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് മൊറോക്കോയിൽ നിന്ന് അബുദാബിയിലേക്ക് വരികയായിരുന്ന ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ ഈ സംഭവത്തിന്റെ ആരംഭം. വിമാനം ലാൻഡ് ചെയ്ത ശേഷം കോക്പ്പിറ്റിലെത്തിയ ആറ് വയസ്സുകാരനായ ആദം മുഹമ്മദ് അമീർ പൈലറ്റുമാരെ വിമാനം പറത്തലിന്റെ സാങ്കേതിക വശങ്ങൾ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു.
എന്നാൽ സാധാരണക്കാർക്ക് അറിയാൻ കഴിയാത്ത സാങ്കേതിക പദങ്ങളുപയോഗിച്ച് അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ വിമാനം കൈകാര്യം ചെയ്യണമെന്ന് വരെ ആദം പൈലറ്റുമാരോട് സംസാരിച്ചു. ചെറുപ്പം മുതൽ വിമാനത്തോട് തോന്നിയ കമ്പമാണ് വിമാന സംബന്ധിയായ ഡോക്യുമെന്ററികൾ കണ്ടും വായിച്ചും ഈ അറിവ് സമ്പാദിക്കാൻ ആദമിന് പ്രേരണയായത്.
ആദം കോക്പ്പിറ്റിലെത്തി പൈലറ്റുമാരോട് സംസാരിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെയാണ് ഒരു ദിവസം യഥാർത്ഥ പൈലറ്റായി യൂണിഫോമിൽ കോക്പ്പിറ്റിലിരിക്കാൻ ഇത്തിഹാദ് അവസരമൊരുക്കിയത്.
ആറു വയസുകാരനെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയർബസ് എ380ന്റെ പൈലറ്റാക്കുകയായിരുന്നു.ആദമിന്റെ കോക്പ്പിറ്റിലെ പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചതായാണ് ഇത്തിഹാദ് അറിയിച്ചത്.