ന്യുഡല്‍ഹി:നിര്‍മല സീതാരാമന്റെ നമസ്തേ നയതന്ത്രം വിജയിച്ചു .അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന.പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അതിര്‍ത്തി സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ വക്താവ് നിലപാട് അറിയിച്ചത്.
കഴിഞ്ഞ ദിവസം നാഥുല സന്ദര്‍ശിച്ച പ്രതിരോധമന്ത്രി ഇന്ത്യന്‍ സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി.തന്റെ ഫോട്ടോ പകര്‍ത്തിയ ചൈനീസ് സൈനികര്‍ക്ക് നേരെ കൈവീശി അവരെ അഭിവാദ്യം ചെയ്തു.കൂടാതെ ചൈനീസ് സൈനികരുമായി ആശയ വിനിമയം നടത്തുകയും അവര്‍ക്ക് നമസ്തേ പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ചൈനീസ് സൈനികരോട് ആശയ വിനിമയം നടത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ പെരുമാറ്റം ചൈനയിലെ ജനങ്ങള്‍ക്കിടയിലും സമൂഹ മാദ്ധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍മല സീതാരാമന്റെ നമസ്തേ നയതന്ത്രം ഇരുരാജ്യങ്ങള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ദോക് ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മ്മാണം തുടങ്ങിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രി നാഥുല സന്ദര്‍ശനം നടത്തിയത്.