ന്യൂഡൽഹി : വളരുന്ന ഇന്ത്യയെ ചിത്രീകരിച്ചു കൊണ്ട് വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ഗാനം . ദ ഫ്ളയിംഗ് ലോട്ടസ് എന്ന് പേരിട്ട ഗാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദവും കോർത്തിണക്കിയിട്ടുണ്ട് .
അമേരിക്കയിലെ പ്രധാന സിംഫണി ഓർക്കസ്ട്രയായ സീറ്റിൽ സിംഫണിയുമായി ചേർന്നാണ് റഹ്മാൻ സംഗീതമൊരുക്കിയിരിക്കുന്നത് .വളരുന്ന ഇന്ത്യയുടെ അടയാളപ്പെടുത്തലാണ് ഫ്ളൈയിംഗ് ലോട്ടസ് എന്ന് റഹ്മാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ ഭാഗങ്ങളും ഡിജിറ്റൽ എക്കണോമി , ധൻ ധനാധൻ , കാഷ്ലസ് തുടങ്ങിയ പദങ്ങളും മ്യൂസിക് ട്രാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യാശയുടെ സംഗീതമാണ് ഫ്ളൈയിംഗ് ലോട്ടസിലുള്ളതെന്നും എന്നാൽ താൻ ഒരു വിധിപ്രസ്താവവും ഇതിലൂടെ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നോട്ടു നിരോധനത്തിന്റെ ലക്ഷ്യം നല്ലതായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഇന്ത്യയിൽ സന്തോഷവാനാണ് . സർക്കാർ പദ്ധതികൾക്ക് വേണ്ടി ആവശ്യമെങ്കിൽ സംഗീത സംവിധാനം നിർവഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.സംഗീതത്തിന്റെ കോപ്പി പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖർക്കു അയച്ചുകൊടുക്കുമെന്നും റഹ്മാൻ വ്യക്തമാക്കി.