ഒമാന്‍ : ഒമാനില്‍ കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശംബളം 600ല്‍ നിന്ന് 300 റിയാലായി കുറച്ചു. ഷൂറ കൗണ്‍സില്‍ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ മാറ്റം രാജ്യത്തെ ആഭ്യന്തര വിപണിക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
ഷൂറ കൗണ്‍സില്‍ ശുപാര്‍ശയെ തുടര്‍ന്ന് സ്വീകരിച്ച തീരുമാനത്തിലൂടെ രാജ്യത്തെ നിരവധി മേഖലകള്‍ക്ക് ഉണര്‍വ്വ് കൈവരുമെന്നാണ് പ്രതീക്ഷ. നിലവില്‍ 4.3 ബില്യന്‍ ഡോളറാണ് രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയക്കുന്നത്. കുടുംബം ഒപ്പം ചേരുന്നതോടെ, ഈ പണത്തില്‍ നല്ലൊരു പങ്കും രാജ്യത്ത് തന്നെ ചെലവിടുമെന്നാണ് കണക്കുകൂട്ടല്‍.
പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, ആരോഗ്യം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകള്‍ കരുത്താര്‍ജ്ജിക്കും. കുടുംബം ഒപ്പം ചേരുന്നതോടെ വിദേശികളുടെ സ്വഭാവത്തിലും ഗുണപരമായ മാറ്റം വരുമെന്നും വിലയിരുത്തലുണ്ട്. കുടുംബം കൂടെയുള്ള വിദേശികള്‍ നിയമം ലംഘിക്കുന്നതും മറ്റുള്ളവരോട് മോശമായി പെരുമാറുന്നതും കുറയുമെന്നാണ് നിരീക്ഷണം.
അതേസമയം, 300 റിയാലില്‍ കുടുംബത്തെ പോറ്റാന്‍ കഴിയുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. എങ്കിലും, ജീവിത പങ്കാളിയെ ഒമാനിലെത്തിച്ച് അവര്‍ക്കും ജോലി ലഭിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് വിദേശികളുടെ പക്ഷം.അതല്ലാത്തവര്‍ക്ക് കുറച്ചു കാലത്തേക്കെങ്കിലും കുടുംബത്തെ കൂടെ നിര്‍ത്താന്‍ സാധിക്കും.
ഇതിനിടെ, താമസ വാടകയില്‍ കുറവു വരുത്താനുള്ള നടപടിയും ഇതിനൊപ്പം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ആവശ്യം ഉയരുന്നുണ്ട്.