റിയാദ്:സൗദി അറേബ്യയിൽ വനിതകൾക്ക് വാഹന വ്യാപാര മേഖലയിൽ നിക്ഷേപ അനുകൂല അന്തരീക്ഷം ഒരുങ്ങുന്നു.ഇതിനായി ഈ മേഖലയിൽ വനിതകൾക്ക് അവസരം നൽകുന്നതിനുള്ള സാധ്യത പഠനം ആരംഭിച്ചു.
സ്വദേശികളായ സ്ത്രീകളുടെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ് .നേരത്തെ ഏതാനും വ്യാപാര മേഖലകൾ വനിതകൾക്കായി മാത്രം നീക്കി വെക്കുകയും ചെയ്തിരുന്നു.
സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ തീരുമാനിച്ചതോടെ വാഹന വ്യാപാര മേഖലയിലും അവസരം നൽകുമെന്നാണ് അറിയുന്നത്.വാഹന കമ്പോളത്തിൽ നിക്ഷേപമിറക്കുവാൻ വനിതകൾ മുന്നോട്ട് വരുന്നതായാണ് സൂചന.208 ദശലക്ഷം റിയാൽ നിക്ഷേപം സ്ത്രീകളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിക്ഷേപ തൊഴിൽ സാധ്യതകൾ പഠിക്കുന്നതിനായി റിയാദ് ചേംബർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഡ്രൈവിങ് സ്കൂളുകൾ,ഷോറൂമുകൾ,സ്പെയർ പാർട്സ് കടകൾ,വർക്ക്ഷോപ്പുകൾ തുടങ്ങി വാഹന സംബന്ധമായ എല്ലാ രംഗത്തും വനിതകൾക്ക് പ്രവർത്തിക്കുവാൻ അവസരം നൽകുമെന്നാണ് സൂചന.
സമീപകാലത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.അധികൃതർ നൽകുന്ന പ്രോത്സാഹനത്തെ തുടർന്ന് സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നതിനും ,നിക്ഷേപം ഇറക്കുന്നതിനുമായി ധാരാളം സ്ത്രീകളാണ് മുന്നോട്ട് വരുന്നത്.