മുംബൈ : സാക്കിർ നായിക്കിനും, സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്ക്കർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സാക്കിർ നായിക്കിന്റെ സംഘടനയായ ഐആർഎഫിനു ദാവൂദ് സാമ്പത്തിക സഹായം നൽകാറുണ്ട്. ഇടനിലക്കാർ വഴിയാണ് സാക്കിറിനു പണം നൽകുന്നതെന്നും ഇക്ബാൽ പൊലീസിനോട് പറഞ്ഞു.
നായിക്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ആമീർ ഗസ്ദാറും നേരത്തെ മാദ്ധ്യമങ്ങളോട് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ ആമീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതും തീവ്ര മുസ്ലിം ചിന്താഗതിയുള്ളതുമായ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നവയാണ്. നായിക്കിന്റെ മതംമാറ്റത്തിലുള്ള പങ്കും, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കെയാണ് ദാവൂദിന്റെ സഹോദരന്റെ വെളിപ്പെടുത്തൽ.
നേരത്തെ ദാവൂദുമായി ബന്ധപ്പെട്ട കാര്യങ്ങൾ കസ്ക്കർ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 18 ന് താനെ പൊലീസ് പിടികൂടിയ ഇക്ബാൽ കസ്ക്കറിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.