ലഖ്നൗ : രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വികസനം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .കേന്ദ്ര സർക്കാറിന്റെ എല്ലാ പദ്ധതികളും സമൂഹത്തിലെ ഓരോ വിഭാഗത്തിന്റേയും ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം വാരണാസിയിൽ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാരണാസിയിലെത്തിയ അദ്ദേഹം നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിനു ശേഷം ജനങ്ങൾക്ക് ഒരു പിടി വികസന സമ്മാനങ്ങളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയത്. വൻ സ്വീകരണത്തോടെയാണ് പ്രധാനമന്ത്രിയെ വാരണാസിവരവേറ്റത്. രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വികസനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ സർക്കാർ ശരിയായ പാതയിലാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതികൾക്ക് തറക്കല്ലിടുകയും അതേ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന ഏക സർക്കാരാണ് എൻ.ഡി.എ സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരകൗശല ഉത്പ്പന്നങ്ങൾക്ക് വിപണന സൗകര്യം ഒരുക്കുന്ന ദീന് ദയാല്‍ ഹസ്തകല സംകുല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വാരണാസിയെ ഗുജറാത്തിലെ സൂറത്ത് വഡോദര എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന മഹാനാമാ എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. വാരണാസി മഡലത്തിനായി 1000 കോടിരൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇന്നും നാളെയുമായി രണ്ടു ദിവസത്തെ പരിപാടികളാണ് പ്രധാനമന്ത്രിക്ക് വാരണാസിയിലുള്ളത്.