കൊച്ചി: നോര്‍ക്കാ റൂട്ട്സിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഒരു മാസത്തേക്കാണ് കോടതി സ്റ്റേ അനുവദിച്ചത്. നോര്‍ക്ക ഡയറക്ടര്‍മാരില്‍ ഒരാളായ ആസാദ് മൂപ്പന് നല്കിയ ഹര്‍ജിയിലാണ് നടപടി.
സര്‍ക്കാര്‍ സംവിധാനമാണെന്ന കാരണത്താലാണ് നോര്‍ക്കാ റൂട്ട്സിനെതിരായ നടപടിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. ഡയറക്ടര്‍മാരില്‍ ഒരാളായ ആസാദ് മൂപ്പനാണ് ഇളവാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നോര്ക്കയ്ക്കെതിരായ നടപടിയിലൂടെ വ്യക്തിപരമായ ബിസിനസുകള്‍ക്ക് കൂടി പ്രതിസന്ധി വന്നേക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി.
ഒരുമാസത്തേക്ക് ഇളവനുവദിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരായുകയും ചെയ്തിട്ടുണ്ട്. ആസാദ് മൂപ്പനെക്കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായി യൂസഫലി എന്നിവരടക്കം ഡയറക്ടര്‍ഷിപ്പ് റദ്ദാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
2013ന് ശേഷം നോര്‍ക്കാ റൂട്ട്സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഡയറക്ടര്‍മാരായ വ്യക്തികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അവസാനം സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സഹായമായി ലഭിച്ച 1 കോടി 24 ലക്ഷം രൂപയടക്കം എട്ട് കോടി രൂപ നോര്‍ക്കാ റൂട്ട്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ഇതുള്‍പ്പെടെ നോര്‍ക്കയില്‍ നാല് വര്‍ഷമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ ഇന്നും അജ്ഞാതമാണ്.