ന്യൂഡൽഹി: ഈ ദീപാവലി ദിനത്തിൽ ഒരു നിർധനകുടുംബത്തിലെങ്കിലും വെളിച്ചമെത്തിക്കാൻ ആഗ്രഹമുണ്ടോ?എങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ ഉജ്ജ്വല പ്ലസിലെ പുതിയ പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം.സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് നികുതി ഇളവ് നേടാനുള്ള മാർഗ്ഗമായാണ് പുതിയ പദ്ധതിയെ ആവിഷ്ക്കരിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ചു കോടി കുടുംബങ്ങളിൽ ഗ്യാസ് കണക്ഷൻ എത്തിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഉജ്ജ്വൽ പ്ലസ് പദ്ധതി ഇക്കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്.ആദ്യ എട്ട് മാസം പിന്നിട്ടപ്പോൾ തന്നെ 1.5 കോടി കുടുംബങ്ങളിൽ സൗജന്യ ഗ്യാസ് കൺക്ഷൻ നൽകാൻ സാധിച്ചു. പാവപ്പെട്ടകുടുംബങ്ങളിൽ ഗ്യാസ് കണക്ഷൻ എത്തിക്കുന്നതിനായി മോദി സർക്കാർ ആഹ്വാനം ചെയ്ത സബ്സിഡി ഉപേക്ഷിക്കൽ കാമ്പെയിനും വൻ ജനപിന്തുണ ലഭിച്ചിരുന്നു.
ഒരു കോടി കുടുംബങ്ങളാണ് ഇത്തരത്തിൽ സബ്സിഡി ഉപേക്ഷിച്ച് പദ്ധതിയിൽ പങ്കാളികളായത്.ഇതിന്റെ പിൻബലത്തിലാണ് അടുത്തഘട്ടം ആരംഭിച്ചിരിക്കുന്നത്.1600 രൂപ നൽകി ഒരു നിർധന കുടുംബത്തിന് ഗ്യാസ് കൺക്ഷൻ ലഭ്യമാക്കിയാൽ സെക്ഷൻ80 പ്രകാരമുള്ള ടാക്സ് ഇനത്തിൽ ഇളവ് ലഭിക്കും.
ദീപാവലിക്ക് മുൻപ് പുതിയ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.ഗ്യാസ് ഉപയോഗിക്കുമ്പൊഴുള്ള സുരക്ഷാമാർഗ്ഗങ്ങളെ പറ്റി പ്രതിപാദിക്കുന്ന ക്യാമ്പെയ്നും ഈ ആഴ്ച്ച അവസാനത്തോടെ അഹമ്മദാബാദിൽ തുടക്കമാകും.