കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 26ലേക്ക് മാറ്റി. വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ എന്ത് പുതിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചോദിച്ചു. പുതിയ സാഹചര്യം ബോധ്യപ്പെട്ടാല്‍ മാത്രം ജാമ്യഹര്‍ജി പരിഗണിക്കുകയുള്ളന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍ എത്തിയത്. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് സമയം വേണമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. കീഴ്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കേസിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ജാമ്യാപേക്ഷയും വീണ്ടും കോടതിയിലെത്താനുള്ള സാഹചര്യം എന്താണുള്ളതെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. കസ്റ്റഡി കാലാവധി മാറ്റിയതല്ലാതെ എന്ത് മാറ്റമാണ് ഉണ്ടായതെന്നും കോടതി ആരാഞ്ഞു.
ജാമ്യാപേക്ഷയ്ക്കുള്ള പുതിയ സാഹചര്യം ബോധ്യപ്പെട്ടാല്‍ മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളന്നും കോതി വ്യക്തമാക്കി. ജാമ്യ ഹര്‍ജിയില്‍ 26 ന് മറുപടി നല്കാന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയില്‍ എത്തുന്നത്. ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും നേരത്തെ 2തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജയിലില്‍ 70 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും 50കോടിയലധികം രൂപയുടെ സിനിമ പ്രോജക്ടുകള്‍ പ്രതിസന്ധിയിലാണന്നന്നുമാണ് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിക്കുന്നത്.