കൊച്ചി: എഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ പോലീസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ചട്ടം ലംഘിച്ച് പ്രൊമോഷന് നല്കിയ സംഭവത്തിലാണ് അന്വേഷണം.
വകുപ്പില്‍ ക്ലര്‍ക്ക് ആയിരുന്ന ശ്രീഹരി എന്ന ജീവനക്കാരനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ച തച്ചങ്കരിയുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
അനധികൃതമായി ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയതിൽ ചട്ടലംഘനം നടന്നെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിയ്ക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച കോടതി, ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ കഴമ്പുണ്ടെന്ന നിരീക്ഷണമാണ് നടത്തിയത്.
തിരുവനന്തപുരത്ത് സേവനമനുഷ്ഠിക്കവേയാണ് പരാതിക്കാധാരമായ നിയമനം നടന്നത്. ക്രമക്കേടില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
നേരത്തെ തമിഴ് നാട്ടിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസയച്ചിരുന്നു.