ചെന്നൈ : ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള തമിഴ്നാട് ഒട്ടേരി സ്വദേശി ഷാഹുൽ ഹമീദിനെ ചെന്നൈയിൽ എൻഐഎ അറസ്റ്റ് ചെയ്തു.. വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടത്താനുള്ള ഗൂഡാലോചനയിൽ ഇയാൾ പങ്കാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.]2013 മുതൽ ഐഎസ് നടത്തുന്ന രഹസ്യയോഗങ്ങളിലും, ആക്രമണങ്ങളുടെ ഭാഗമായ യാത്രകളിലുമൊക്കെ ഷാഹുൽ ഹമീദ് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇയാൾ പങ്കാളിയായിട്ടുണ്ട്.
തമിഴ്നാട് സ്വദേശിയും,സിംഗപ്പൂർ പൗരനുമായ ഹാജാഫക്രുദീൻ എന്ന ഐഎസ് ഭീകരൻ രണ്ടു തവണ ഇന്ത്യയിലെത്തിയപ്പോൾ ഷാഹുൽ ഹമീദ് ഉൾപ്പെടെയുള്ളവർ ഇയാളെ കണ്ടതായി എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടക , തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇവർ റിക്രൂട്ടിംഗ് യോഗങ്ങൾ നടത്തി . തുടർന്ന് തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച ഷാഹുൽ ഹമീദിനെ 2015ൽ തുർക്കി അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു .ഇയാളെ ചെന്നൈയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.