ചെന്നൈ: അണ്ണാ ഡിഎംകെ സ്ഥാപകനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എംജിആറിന്റെ നൂറാം ജന്മ വാർഷികത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി 100 രൂപ നാണയം ഇറക്കാൻ അനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി. തമിഴ് ജനതയുടെ വികാരത്തിനെ മാനിച്ച് നാണയം ഇറക്കാൻ അനുമതി നൽകിയ പ്രധാനമന്ത്രിയോട് തമിഴ്ജനത എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
4.4 സെന്റിമീറ്റർ വ്യാസവും 35 ഗ്രാം തൂക്കവുമുള്ള നാണയമാണ് പുറത്തിറക്കുക. ഒരു വശത്ത് എംജിആറിന്റെ മുഖച്ചിത്രവും മറുവശത്ത് അശോകസ്തംഭവും ആലേഖനം ചെയ്താണു നാണയം ഇറക്കുക.
പുതിയ അഞ്ചുരൂപ നാണയങ്ങളും ഇതോടൊപ്പം ഇറക്കും. എംജിആറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കണമെന്നു തമിഴ്നാട് സർക്കാർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.