കൊച്ചി :വിവാഹച്ചെലവുകൾ താങ്ങാനാകാതെ വിഷമിച്ച കുടുംബത്തിന് തുണയായി സേവാഭാരതി . കുന്നുകര വയൽക്കര പ്ളാശ്ശേരി വീട്ടിൽ ശ്രീനിവാസൻ – സുഷമ ദമ്പതിമാർക്കാണ് അങ്കമാലി സേവാഭാരതി കൈത്താങ്ങായത് . വിവാഹച്ചെലവുകൾ സേവാഭാരതി ഏറ്റെടുത്തതോടെ മകൾ ശ്രീജിക്ക് മനം നിറഞ്ഞ് മംഗല്യം സാദ്ധ്യമായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
പറവൂർ കൊച്ചാലുർക്കോവിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ – ഗിൽഡ് ദമ്പതിമാരുടെ മകൻ നിഷാദാണ് ശ്രീജിയെ താലി കെട്ടിയത് .വയൽക്കര കളരിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം .ചെലവുകളെല്ലാം സേവാഭാരതിയാണ് ഏറ്റെടുത്തത് . സേവാഭാരതി അങ്കമാലി സമിതി ഭാരവാഹികളായ സി കെ കൃഷ്ണൻ നായർ , സി ആർ സുധാകരൻ , ധന്യ ജിതേഷ് , എം ആർ സജി , രാജേഷ് പിഷാരടി എന്നിവർ വിവാഹച്ചടങ്ങിൽ ദമ്പതിമാരെ ആശീർവദിക്കാനെത്തിയിരുന്നു.
സേവന പാതയിൽ എന്നും അശരണർക്ക് ആശ്വാസമായി നിൽക്കുന്ന സേവാഭാരതി അങ്കമാലി സമിതി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടതിന്റെ ചാരിതാർത്ഥ്യത്തിലാണ് പ്രവർത്തകർ.