പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ കവർച്ച. വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന അറുപത് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്, നഗരത്തിലെ ഹെഡ് പോസ്സ് ഓഫീസന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്.
പാലക്കാട് നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന ഡോക്ടർ പിജി മേനോന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ പൂജാമുറിയിൽ കൃഷ്ണ വിഗ്രഹത്തിൽ അണിയിച്ചിരുന്ന ഒൻപതോളം സ്വർണ മാലകളാണ് മോഷണം പോയിരിക്കുന്നത്. ഏകദേശം അറുപത് പവനിലധികം സ്വർണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് പോലീസ് കരുതുന്നു. വീടിന്റെ വാതിലുകളും ജനലുകളുമൊന്നും തകർക്കാതെയാണ് മോഷണം നടന്നിട്ടുള്ളത്.
പൂജാമുറിയിൽ മറ്റ് ആഭരണങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും നഷ്ടപ്പെട്ടിട്ടില്ല. പിജി മേനോനും സഹായിയും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .