ന്യൂഡൽഹി;പരമ്പരാഗത ഇന്ധന വാഹനങ്ങൾ മൂലം വർധിക്കുന്ന പരിസ്ഥിതി മലിനീകരണം തടയാൻ വാഹനനിർമ്മാതാക്കൾക്ക് കർശനനിർദേശം നൽകി കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.പെട്രോൾ-ഡീസൽ വാഹനങ്ങൾക്കു പകരം വാഹന നിർമ്മാതാക്കൾ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തയ്യാറാകണം.ഇല്ലെങ്കിൽ മലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ നിരത്തിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൊസൈറ്റി ഓഫ് ഇൻഡ്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചേഴ്സ് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മലിനീകരണം തടയാൻ സർക്കാരിനു വ്യക്തമായ നയങ്ങളുണ്ട്,നിർമ്മാതാക്കൾക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും അത് ചെയ്യും ഇതേക്കുറിച്ച് നിങ്ങളോട് ചോദ്യങ്ങളൊന്നും ഉണ്ടാവില്ല.മുൻപ് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ നിർമ്മാണചിലവ് വളരെ കൂടുമെന്നും,ബാറ്ററിക്ക് വിലകൂടുതലാണെന്നും പറഞ്ഞു.എന്നാൽ ഇപ്പോൾ ബാറ്ററിക്ക് നാൽപ്പത് ശതമാനത്തോളം വിലകുറഞ്ഞിട്ടുണ്ട്.
ഇലക്ട്രിക് പരീക്ഷണങ്ങൾ ഇപ്പോൾ തുടങ്ങിയാൽ മാസ് പ്രൊഡക്ഷനിൽ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.2030 ഓടെ പരമ്പരാഗത വാഹനങ്ങൾ നിരോധിക്കുമെന്നും,ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.