കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി. ദുബായിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ എയര്‍ ഇന്ത്യാ വിമാനമാണ് അകപടത്തില്പ്പെട്ടത്. യാത്രക്കാര്‍ക്ക് പരിക്കില്ല. സംഭവത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചേ 2,40നാണ് സംഭവം. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ ഐഎക്സ് 452 എയര്‍ ഇന്ത്യ വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ടാക്സി ബേയില്‍ നിന്നും ലാന്‍ഡിങ്ങ് ബേയിലേക്ക് നീങ്ങുന്നതിനിടെ വിമാനം തെന്നിമാറി ഓടയില്‍ വീഴുകയായിരുന്നു. വിമാനത്തില്‍ 102 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അപകടം നടന്ന ഉടന്‍ യാത്രക്കാരെ പുറത്തിറക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
വിമാനം ലാന്‍ഡ് ചെയ്യുന്ന സമയം മഴ പെയ്തിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. പുറത്തിറങ്ങിയ യാത്രക്കാര്‍ക്ക് ലഗേജുകള്‍ കിട്ടാന്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. ലഗേജുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തതായിരുന്നു കാരണം. അപകടത്തെക്കുറിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് അന്വേഷണം ആരംഭിച്ചു.