• Page Views 127

പൊന്നോണ പൂവിളി

പഞ്ഞ കര്‍ക്കടകം മാറി പൊന്നിന്‍ ചിങ്ങം പിറന്നു കഴിഞ്ഞാല്‍ പിന്നെ ഓണനാളുകള്‍ക്കായുള്ള കാത്തിരിപ്പാണ്. കേരളത്തിന്റെ ഉപവസന്തമാണ് ഓണം, എന്നാല്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും, രാത്രിയെ പോലും പ്രകാശപൂരിതമാക്കുന്ന നിലാവും ഓണത്തെ ശരിക്കും പ്രകൃതിയുടെ വസന്തമാക്കുകയാണ്. പ്രകൃതിയുടെ മാത്രമല്ല, ഒരു കാലത്ത് മലയാളിയുടെയും കൂടി വസന്തകാലമായിരുന്നു ഓണം.

‘അത്തം ചിത്തിര ചോതി
അച്ഛന്‍ കെട്ടിയ വേലി
അമ്മ പൊളിച്ചിട്ടരി വെച്ചു
അച്ചന്‍ വന്നു കലഹിച്ചു’

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നാളുകളില്‍ മലയാളിക്ക് ഓണക്കാലം സമൃദ്ധിയുടെയും കൂടി നാളുകളായിരുന്നു എന്ന് ഈ ഈരടികള്‍ നമുക്ക് കാട്ടിത്തരുന്നു. ഒപ്പം ഇമ്പമാര്‍ന്ന കുറേ ആചാരങ്ങളും കൂടി ചേര്‍ന്നപ്പോള്‍ ഓണം മലയാളക്കരയുടെ നന്മയുടെ കൂടി ആഘോഷമാവുകയാണ് ചെയ്തത്. ചാണകം മെഴുകിയ തറയില്‍ അത്തം മുതല്‍ ഓണപ്പൂക്കളമിട്ടാണ് നാം പൊന്നോണത്തെ വരവേല്‍ക്കുന്നത്.

നിലവിളക്ക് കൊളുത്തി, ഈര്‍ക്കിലില്‍ പൂ കോര്‍ത്ത് കുടകുത്തി, മണ്ണു കുഴച്ച് തൃക്കാക്കരയപ്പനെയും ഉണ്ടാക്കി, തുമ്പപ്പൂ തുടങ്ങി പൂക്കള്‍ കൊണ്ട് പൂക്കളവും തീര്‍ത്താണ് നാം ഓണത്തെ വരവേറ്റു കൊണ്ടിരുന്നത്. പൂക്കളത്തിന്റെ വലുപ്പം കൂടുന്നതനുസരിച്ച് ഓണത്തിന്റെ തയാറെടുപ്പുകളും തകൃതിയായി നടന്നു കൊണ്ടിരിക്കും. ചോതിയ്ക്ക് നെല്ല് അറയില്‍ നിന്നെടുത്ത് പുഴുങ്ങും. അതുപോലെ മൂലം, പൂരാടമാകുമ്പോഴേക്കും ഉപ്പേരികള്‍ വറുത്ത് വെയ്ക്കും. ഒടുവില്‍ ഉത്രാടത്തിന്റെ അന്ന് അവസാന വട്ട ഒരുക്കങ്ങളുമൊക്കെയായി ഉത്രാടപ്പാച്ചിലും. അങ്ങനെ ഓണം ഒരു ഉത്സവം തന്നെ ആയിരുന്നു.

കാലം മാറുകയല്ലേ, ഓണവും മാറിക്കൊണ്ടിരിക്കുകയാണ്. കേരളക്കരയുടെ അതിരുകളൊക്കെ ഭേദിച്ച് മലയാളി എവിടെയുണ്ടോ, അവിടെയെല്ലാം ഇന്ന് ഓണക്കാലമാണ്. കാര്‍ഷിക സംസ്‌കൃതിയുടെ ആഘോഷം എന്നതിലുപരി, ഇന്ന് മലയാളിയുടെ ഉപഭോക്തൃ സംസ്‌കാരത്തിന്റെ പ്രതീകമായി ഓണം മാറിയിരിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളെയും പൂക്കളെയുമൊക്കെ ആശ്രയിച്ചാണ് ഇന്ന് നാം ഓണം ആഘോഷിക്കുന്നത്. എന്നിരുന്നാലും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി, കുറച്ച് വ്യത്യസ്തതകള്‍ കൂടി ഉള്‍ക്കൊണ്ട് മലയാളി ഓണാഘോഷത്തെ ഇന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു.

വീടുകളില്‍ ഓണം ബന്ധുമിത്രാദികളുടെ ഒത്തുചേരലിന്റെ ആഘോഷമാണ്. ഓണസദ്യയൊക്കെ ഒരുക്കി ഏവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നു. എന്നാല്‍ ഇന്ന് വീടുകളേക്കാളേറെ കൂടുതല്‍ വര്‍ണാഭമായി ഓണം കൊണ്ടാടുന്നത് വിദ്യാലയങ്ങളും തൊഴില്‍ സ്ഥാപനങ്ങളും സംഘടനകളുമൊക്കെയാണ്. ഓണപ്പൂക്കളമിട്ടും സദ്യ ഒരുക്കിയും കലാപ്രകടനങ്ങളുമൊക്കെയായി ഏവരും കെങ്കേമമായി തന്നെ ഓണം ആഘോഷിക്കുന്നു.

ഉറിയടി, കടുവാകളി, വള്ളം കളി തുടങ്ങി ഓണക്കളികളുമൊക്കെ ഏറ്റെടുത്ത് ഓണക്കാലത്തെ മലയാളി കൂടുതല്‍ ഉത്സവഭരിതമാക്കുന്നു. ഒപ്പം അകമ്പടിയായി ഓണപ്പാട്ടുകളും ചെണ്ടകൊട്ടുമൊക്കെ എത്തുകയായി. എന്നിരുന്നാലും ഓണത്തിന് സാരിയുടുക്കാന്‍ പതിനെട്ടടവും പയറ്റുന്ന മലയാളി പെണ്‍കൊടികളും മുണ്ടുടുത്ത് നടക്കാന്‍ നന്നേ പണിപ്പെടുന്ന ചുള്ളന്‍മാരും ഇന്നത്തെ ഓണാഘോഷങ്ങളിലെ ഒരു പതിവ് കാഴ്ചയാവുന്നു. ഒപ്പം സമൂഹമാദ്ധ്യമങ്ങളിലും ഓണപ്പൂവിളി ഉയരുകയാണ്, ആര്‍പ്പുവിളികള്‍ നിറയുകയുമാണ്.

എങ്കിലും നര വീണ് തുടങ്ങിയ ഒരു തലമുറയുടെ ഓണക്കാല ഓര്‍മകളും മറ്റൊരു തലമുറ ഒരുക്കുന്ന ഓണക്കാഴ്ചകളും തമ്മിലുള്ള ഒരു ചെറിയ സംഘട്ടനത്തിന് എല്ലാ ഓണക്കാലവും സാക്ഷിയാവുന്നു. ഓണം എന്നു വെച്ചാല്‍ ഞങ്ങളുടെയൊക്കെ കാലത്തെ ഓണമാണ്….. എന്നിങ്ങനെ പോകുന്നു ഈ സംഘട്ടനത്തില്‍ ആവര്‍ത്തിക്കുന്ന ചില പതിവ് പല്ലവികള്‍. ഈ പല്ലവികള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കുമെങ്കിലും മഹാബലി തമ്പുരാന്റെ വരവ് നാം മുന്‍വര്‍ഷങ്ങളേക്കാള്‍ കെങ്കേമമായി തന്നെ ആഘോഷിക്കുന്നു.

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേൽക്കും

Next Story »

ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

HAPPENING NOW

%d bloggers like this: