ഇനിയും എന്തൊക്കെയോ വാങ്ങാനുണ്ടായിരുന്നുവെന്ന നിരാശ .. പുത്തനുടുപ്പുകളണിയാമല്ലോയെന്ന സന്തോഷം .. വീട്ടുകാരും കൂട്ടുകാരുമൊത്തുള്ള അപൂർവ്വ സുന്ദര നിമിഷങ്ങൾ .. സന്തോഷത്തിന്റെ സമൃദ്ധിയുടെ ആഘോഷം .. മലയാളിക്ക് ഓണം ഇതൊക്കെയാണ് ..
ഉത്രാടപ്പാച്ചിൽ കഴിഞ്ഞ് നടു നിവർക്കാൻ പോലും സമയം കിട്ടാതെ സദ്യവട്ടങ്ങളൊരുക്കി തളരുന്ന അമ്മമാർ .. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നെങ്കിലും ഒന്നുമറിയിക്കാതെ ഓണം ആഘോഷിക്കാൻ എല്ലാം മറന്ന് കീശ കാലിയാക്കുന്ന ഗൃഹനാഥന്മാർ , ഓണമെന്നോ സമൃദ്ധിയെന്നോ കേൾക്കാതെ അരവയർ പോലും നിറയാതെ അഗതികളായി ആയിരങ്ങൾ ..
എല്ലാ ഓണവും ഇങ്ങനെയൊക്കെയാണ് . എങ്കിലും എന്തൊക്കെപ്പറഞ്ഞാലും മലയാളിക്ക് ഓണം ഇന്നും ഒരു വികാരം തന്നെയാണ് . അത് എവിടെയായാലും അവനാഘോഷിക്കും . ഈ തിരുവോണവും ലോകത്ത് എത് കോണിലിരുന്നാലും ആഘോഷിക്കാൻ മലയാളി ശ്രമിക്കുമെന്നതിൽ സംശയമില്ല .
ഒന്നും നടന്നില്ലെങ്കിൽ പോയ നല്ല കാലത്തെ ഓർത്ത് ഒന്ന് നെടുവീർപ്പിടുകയെങ്കിലും ചെയ്യും .. ഓണം തലമുറകളിലേക്ക് സംക്രമിക്കുന്നത് വെറുതെയല്ല . മലയാളിയുടെ ഹൃദയത്തിൽ മനസ്സിൽ ജീനുകളിൽ അതിങ്ങനെ ആഴ്ന്ന് പെയ്ത് പരന്നിറങ്ങി നിൽക്കുകയല്ലേ ..
നന്മ മനുഷ്യ ജീവന്റെ പൂർണതയുടെ ഭാഗമാണ് .. അതുകൊണ്ട് തന്നെ നന്മയുടെ ആഘോഷം ജീവിതത്തിന്റെയും . നന്മ പെയ്യുന്ന നല്ല മരങ്ങളായി മാറാൻ എല്ലാവർക്കും കഴിയുന്ന നല്ലോണമാകട്ടെ ഈ തിരുവോണവും ഇനിയുള്ള എല്ലാ ഓണങ്ങളും ..
എല്ലാവർക്കും ജനം ടിവിയുടെ തിരുവോണാശംസകൾ