കോട്ടയം: കോട്ടയം ഭാരത് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എന്‍ വിശ്വനാഥന്‍പിള്ള അന്തരിച്ചു. വിടവാങ്ങിയത് ജില്ലയിലെ ആരോഗ്യ രംഗത്തിനു ആധുനിക മുഖം നല്കിയ ഡോക്ടര്‍.
കോട്ടയം നഗരത്തിന്റെ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഡോ. വിശ്വനാഥന് ജനം ടിവിയുടെയും സഹയാത്രികനായിരുന്നു. ജനം ടിവി പിആര്‍ഒ രഞ്ജിത്ത് ആറമ്പില്‍ തിരുനക്കരയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ആതുര സേവന രംഗത്തെ ജില്ലയുടെ ആധുനിക മുഖമായിരുന്നു ഭാരത് ആശുപത്രിയും ഡോക്ടടര്‍ വിശ്വനാഥനും. അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഭാരത് ആശുപത്രിയുടെ പേരും പെരുമയും ജില്ലയ്ക്ക് പുറത്തേയ്ക്കു കൂടി വ്യാപിപ്പിച്ചാണ് ഡോക്ടര്‍ വിശ്വനാഥന് മടങ്ങുന്നത്.
എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാട്ടുകാരെ സേവിക്കുന്നതിന് വേണ്ടിയാണ് തിരുനക്കരയില്‍ ആശുപത്രി ആരംഭിച്ചത്. കൈപ്പുണ്യമുള്ള ഡോക്ടറെന്നു പേരെടുത്തതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ വിശ്വനാഥന് ഡോക്ടറെ തേടിയെത്തിയിരുന്നു.
സാമൂഹികസേവന രംഗത്തും ഭാരത് ആശുപത്രിയും, വിശ്വനാഥന് ഡോക്ടറും നിറഞ്ഞു നിന്നിരുന്നു. നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ ചികിത്സയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ഇളവുകളും നല്കിവന്നിരുന്നു.