കൊച്ചി: വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമന്‍സ് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. വ്യാജേരേഖ ചമച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
വ്യാജരേഖ നല്കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ നേരത്തെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
സെന്കുറിന് സമന്‍സ് കൈമാറരുതെന്നും അറസ്റ്റ് ഉണ്ടാകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. വ്യാജരേഖ സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയത്.
പോലീസ് മേധാവി സ്ഥാനത്തുനിന്ന് ഇടതുസര്‍ക്കാര്‍ നീക്കിയതിനെത്തുടര്‍ന്ന് 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കാന്‍ ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചു.
പിന്നീട് തന്റെ അര്‍ധവേതന അവധി, പരിവര്‍ത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്നാവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് അദ്ദേഹം അപേക്ഷ നല്കി. ഇതിനൊപ്പം നല്കിയ മെഡിക്കല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് ആക്ഷേപം