കോട്ടയം: കോട്ടയം മാങ്ങാനത്ത് വഴിയരികിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
കോട്ടയം മാങ്ങാനം മുണ്ടകപ്പാടത്തിന് സമീപമാണ് റോഡരുകിൽ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധമുണ്ടായിരുന്നെങ്കിലും മാലിന്യത്തിൻറേതാണെന്നാണ് സമീപവാസികൾ കരുതിയത്. ഇന്ന് രാവിലെ ദുർഗന്ധം വർധിച്ചതിനെത്തുടർന്നാണ് വിവരം പൊലീസിനെ അറിയിച്ചത്.
രണ്ട് ചാക്കുകളിലായാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.