ന്യൂഡൽഹി: മുത്വലാഖ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് മുസ്ലീം വനിതകള്‍ക്ക് സമത്വം പ്രദാനം ചെയ്യുന്നതോടൊപ്പം സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടിയാണെന്നും വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നിലപാടറിയിച്ചത്.
”മുത്വലാഖുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി ചരിത്രപരമാണ്. ഇത് മുസ്ലീം വനിതകള്‍ക്ക് സമത്വം പ്രദാനംചെയ്യുന്നു. ഒപ്പം വനിതാശാക്തീകരണത്തിനുള്ള ശക്തമായ നടപടിയുമാണ്.” പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ആറ് മാസത്തേക്ക് മുത്വലാഖ് നിരോധിക്കുകയും ചെയ്തിരുന്നു.