ഹൈദരാബാദ്: ദേശീയഗാനത്തെ അപമാനിച്ച മൂന്നു കശ്മീരി വിദ്യാർത്ഥികൾ ഹൈദരാബാദിൽ അറസ്റ്റിൽ. തിയേറ്ററിൽ ദേശീയഗാനം ആലപിച്ചപ്പോഴാണ് എൻജിനിയറിംഗ് വിദ്യാർത്ഥികളായ ഇവർ ദേശീയഗാനത്തെ അപമാനിച്ചത്.
തിയേറ്ററിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിനാലാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉച്ചക്ക് രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനു സമീപമുള്ള മന്ത്ര ഹാളിൽ മൂവരും എത്തിയിരുന്നു.
സിനിമാ പ്രദർശനത്തിനു മുൻപ് ദേശീയയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാതെ അപമാനച്ചതാണ് കേസ്. ഞായറാഴ്ചയാണ് പൊലീസിനു പരാതി ലഭിച്ചത്. തിയേറ്റർ ഉടമകളാണ് യുവാക്കൾ എഴുന്നേറ്റ് നിന്നില്ലായെന്നും എഴുന്നേറ്റ് നിന്നവരെ നോക്കി ചിരിക്കുകയും ചെയ്തുവെന്നും ആരോപിച്ച് പരാതി നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലെത്തിപ്പോഴാണ് ഇവർ കശ്മീരിലെ ബരാമുള്ള സ്വദേശികളാണ് എന്നറിഞ്ഞത്. ഇവർ അൽ ഹബീബ് എഞ്ചിനിയറിങ് കോളേജിലെ ബി-ടെക് വിദ്യാർത്ഥികളാണ്.
രാജ്യത്തോടുള്ള അനാദരവ് തടയുന്നതിനുളള 1971 ആക്റ്റിലെ സെഷൻ രണ്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും രാജേന്ദ്ര നഗർ എസ് ഐ ശിവ പ്രസാദ് പറഞ്ഞു.