മുസാഫർ നഗർ: ഉത്തർപ്രദേശിൽ മുസഫർ നഗറിനു സമീപം ഉത്കൽ എക്സ്പ്രസ് ട്രയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണസംഖ്യ 20 കടന്നു. 40ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തി. റെയിൽവെ മന്ത്രാലയവും യുപി സർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അപകടത്തിൽ രാഷ്ട്രപതിയും ദുഖം രേഖപ്പെടുത്തി.
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മൂന്നര ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ചെറിയ പരിക്കുള്ളവർക്ക് ഇരുപത്തി അയ്യായിരം രൂപയും ധന സഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.