പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ജെഡിയു എൻഡിഎ യുടെ ഭാഗമായി . നിതീഷിന്റെ വസതിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് എൻഡിഎയുടെ ഭാഗമാകാൻ ജെഡിയു തീരുമാനിച്ചത് .
നേരത്തെ ജെഡിയുവിനെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ എൻഡിഎ യുടെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 26 നാണ് ആർജെഡിയുമായുള്ള സഖ്യം വിച്ഛേദിച്ച് ബിഹാറിൽ ബിജെപിയുമായി ജെഡിയു സഖ്യം സ്ഥാപിച്ചത് . തുടർന്ന് ബിജെപി – ജെഡിയു മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്തു.
എന്നാൽ പാർട്ടി തീരുമാനത്തിനെതിരെ നിലപാടെടുത്ത നേതാവ് ശരദ് യാദവിനെ രാജ്യസഭ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബിജെപി വിരുദ്ധ മഹാസഖ്യത്തിൽ നിന്ന് ജെഡിയു പുറത്ത് പോയതിനെ ശരദ് യാദവ് എതിർത്തിരുന്നു . ശരദ് യാദവിനൊപ്പം നിന്ന നേതാക്കളെയും പാർട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട് .