ന്യൂഡൽഹി : എൻ വൈ സി കേരള ഘടകം പിരിച്ചു വിട്ടു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. കേരള ഘടകം അധ്യക്ഷൻ മുജീബ് റഹ്മാനെ പുറത്താക്കി. തോമസ് ചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസമല്ല, സംഘടന പ്രവർത്തനത്തിലെ അതൃപ്തിയാണ് പിരിച്ചു വിടലിന് കാരണമായതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി.
വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയ്ക്ക് അനുകൂലമായ നിലപാടാണ് എൻ സി പി ദേശീയ നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ എൻ വൈ സി യുടെ കേരളത്തിലെ പ്രവർത്തനത്തിൽ തൃപ്തരല്ലെന്നും, സംഘടന പ്രവർത്തനത്തിലെ അതൃപ്തിയാണ് പുറത്താക്കൽ നടപടിയ്ക്ക് കാരണമെന്നും തോമസ് ചാണ്ടി വിഷയവുമായി ബന്ധമില്ലെന്നുമാണ് എൻ വൈ സി ദേശീയ പ്രസിഡൻറ് രാജീവ് കുമാർ ഝാ വ്യക്തമാക്കിയത്.
15 ദിവസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം നേരത്തെ തോമസ് ചാണ്ടി പക്ഷവുമായി ഇടഞ്ഞു നിൽക്കുകയാണ് എൻ വൈ സി കേരള ഘടകം. മന്ത്രിക്കെതിരായ അഴിമതി ആരോപണത്തെ തുടർന്ന് തോമസ് ചാണ്ടി രാജി വെക്കണമെന്ന് എൻ വൈ സി കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. എൻ സി പി ദേശീയ നേതൃത്വം എൻ വൈ സി യോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.