കൊച്ചി: കൊച്ചി ചേറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തികൊന്ന കാമുകന് അറസ്റ്റില്‍. എറണാകുളം വരാപ്പുഴ സ്വദേശിനി ശീതളാണ് കൊല്ലപ്പെട്ടത്. ശീതളിനെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ 11 ഓടെ എറണാകുളം ചേറായി ബീച്ചില്‍ വച്ചാണ് ശീതളിനെ പ്രശാന്ത് കുത്തിവീഴ്ത്തിയത്. കണ്ണടച്ചാല്‍ ഒരു സമ്മാനം നല്‍കാമെന്നു പറഞ്ഞാണ് ശീതളിനെ പ്രശാന്ത് ആക്രമിച്ചത്.
എറണാകുളം വരാപ്പുഴ സ്വദേശിനിയായ ശീതള്‍ ഏറെനാളായി ഭര്‍ത്താവുമായി പിണങ്ങികഴിയുകയായിരുന്നു. ശീതളിന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രശാന്തും ശീതളുമായി അടുപ്പത്തിലായിരുന്നെനും അടുത്തിടയായി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ പതിവായിരുന്നെനും പൊലീസ് പറഞ്ഞു.
തന്നെ ശീതള്‍ ചതിക്കുകയാണെന്ന സംശയമാണ് അക്രമത്തിന് കാരണമെന്ന് പ്രശാന്ത് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ശീതളിനെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രശാന്തിനെ സമീപത്തു നിന്നുതന്നെ പൊലീസ് പിടികൂടുകയായിരുന്നു.
സമീപത്തെ റെസ്റ്റോറന്റില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ശീതളിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഴത്തിലുള്ള ഏഴുമുറിവുകളാണ് ശീതളിന്റെ ശരീരത്തിലുണ്ടായിരുന്നത്.