കൊച്ചി : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏജന്റായ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് തന്നെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്ത മലയാളി. അഫ്ഗാനിസ്ഥാനിലുള്ള അബ്ദുള്‍ റഷീദ് അവിടെയെത്താന്‍ ആവശ്യപ്പെട്ടതായി ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ് വെളിപ്പെടുത്തി. ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു.
ഐഎസുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയ മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. മലയാളിയെ കൊച്ചിയിലും മറ്റുള്ളവരെ കോയമ്പത്തൂരിലുമാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ സ്വദേശി അടക്കം കസ്റ്റഡിയിലുള്ളവരുടെ കയ്യില്‍ നിന്ന് 10 മൊബൈല്‍ ഫോണ്‍, നാല് ലാപ്ടോപ്, രണ്ട് ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, ഒരു പെന്‍ഡ്രൈവ്, മൂന്നു മെമ്മറികാര്‍ഡ്, 77 ഡിവിഡികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഇവയുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തും. ആലപ്പുഴ സ്വദേശി അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.